മഹാരാഷ്ട്രയിൽ മോഷ്ടാക്കള്‍ പോലീസുകാരനെ വിഷദ്രാവകം കുത്തിവച്ചുകൊന്നു
Thursday, May 2, 2024 11:45 AM IST
മുംബൈ: മുംബൈയില്‍ മോഷണം ചെറുത്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട പോലീസുകാരന് മരിച്ചു. വോര്‍ലി ലോക്കല്‍ ആംസ് ഡിവിഷന്-3 ലെ പോലീസുകാരനായ വിശാല്‍ പവാര്‍(30) ആണ് മരിച്ചത്. ഗുരുതാവസ്ഥയില് ചികിത്സയിലിക്കെയാണ് മരണം.
ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി സ്ഥലത്തേക്ക് ലോക്കല്‍ ട്രെയിനില്‍ പോകുമ്പോള്‍ മാട്ടുംഗ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചു ഇദ്ദേഹത്തിന്റെ ഫോണ്‍ ഒരാള്‍ തട്ടിയെടുക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറവായതിനാല്‍ വിശാല്‍ ചാടിയിറങ്ങുകയും മോഷ്ടാവിനെ പിന്തുടരുകയുമായിരുന്നു.
എന്നാല്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍, മോഷ്ടാവിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ വളയുകയും ആക്രമിക്കുകയുമായിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ വിശാലിന്റെ മുതുകില്‍ വിഷവസ്തു കുത്തിവച്ചു. മറ്റൊരാള്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം വായില്‍ ഒഴിച്ചതായും വിശാല്‍ മൊഴി നല്‍കിയിരുന്നു.
അടുത്തദിവസം രാവിലെയാണ് അദ്ദേഹത്തിന് ബോധംവന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ചയോടെ മരണപ്പെട്ടു. എന്നാല്‍ മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സംഭവത്തില്‍ കോപ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.