ജയരാജൻ ബോംബ് പൊട്ടിക്കുമെന്നു ഭയന്ന് പിണറായി പിന്മാറി: ഹസൻ
Monday, April 29, 2024 8:39 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ഉണ്ടാക്കിയ സിപിഎം-ബിജെപി ഡീലിന്റെയും പിണറായി വിജയന്റെ കേസുകളുടെയും അരമനരഹസ്യങ്ങൾ പുറത്തുവരുമെന്ന് ഭയന്നാണ് ഇ.പി. ജയരാജനെതിരേ പാർട്ടി നടപടിയെടുക്കാത്തതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ.
നടപടി എടുത്താൽ ജയരാജൻ പൊട്ടിക്കുന്ന ബോംബുകളുടെ ആഘാതം താങ്ങാൻ പിണറായിക്കു കഴിയില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ്. അച്യുതാനന്ദൻ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ കണ്ട് സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കിയതിനു സമാനമാണ് ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ശോഭ സുരേന്ദ്രനെ കണ്ട കാര്യം തുറന്നുപറഞ്ഞത്.
എന്തുകൊണ്ടാണ് അന്ന് ശോഭ സുരേന്ദ്രനെതിരേ നിയമ നടപടി സ്വീകരിക്കാതിരുന്നതെന്ന് ഹസൻ ചോദിച്ചു. ഇന്ന് പിണറായിയെയും ജയരാജനെയും സംരക്ഷിക്കാനാണ് സിപിഎം സെക്രട്ടേറിയറ്റ് ശോഭയ്ക്കെതിരേ കേസു കൊടുക്കാൻ തീരുമാനിച്ചതെന്നും ഹസൻ കൂട്ടിച്ചേർത്തു.