സ്മാർട്ട് സിറ്റി പദ്ധതിക്കിടെ അപകടം; മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
Tuesday, April 16, 2024 5:01 PM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണ് ഇടിഞ്ഞു വീണത് പരിഭ്രാന്തി പരത്തി. തിരുവനന്തപുരം ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിൽ പൈപ്പ് ലൈൻ ഇടുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
കിളിമാനൂർ ന്യൂടെക് കമ്പനിയുടെ തൊഴിലാളിയായ വിഷ്ണുവാണ് അപകടത്തിൽപ്പെട്ടത്. നെഞ്ച് വരെ മണ്ണ് മൂടിയ അവസ്ഥയിലായിരുന്ന വിഷ്ണുവിനെ രക്ഷപ്പെടുത്താൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് എത്തിയ ഫയർഫോഴ്സ് മണ്ണി നീക്കി വിഷ്ണുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിഷ്ണു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.