ഡൽഹിയിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുവെന്ന് എഎപി
Tuesday, April 9, 2024 4:14 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ദേശീയ തലസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിൽ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഡൽഹി നിയമസഭയിൽ ആരോപിച്ച് എഎപി അംഗങ്ങൾ.
"ഡൽഹിയിൽ ഭരണഘടനാ വിരുദ്ധമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ, അറസ്റ്റിന് ശേഷം കേജരിവാളിനെ രാജിവെക്കാൻ ബിജെപി നിർബന്ധിക്കുകയാണെന്ന് കസ്തൂർബാ നഗറിലെ എഎപി എംഎൽഎ മദൻ ലാൽ അവകാശപ്പെട്ടു.
ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാൻ കേജ്രിവാളിനെ അനുവദിക്കില്ലെന്ന് ലഫ്റ്റനന്റ് ഗവർണർ പറയുന്ന അടിയന്തര സാഹചര്യം ഡൽഹിയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയെ ഭയപ്പെടുത്താനാണ് ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മദൻ ലാൽ ആരോപിച്ചു.
ഡൽഹി നിയമസഭ പിരിച്ചുവിടുമെന്ന് അവകാശപ്പെട്ട് ചിലർ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് മറ്റൊരു എഎപി എംഎൽഎ ബി.എസ്. ജൂൺ പറഞ്ഞു. ഡൽഹിയിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കേജരിവാളിനെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിട്ടുണ്ടെന്നും ജൂൺ പറഞ്ഞു.
കേജരിവാളിനെ അറസ്റ്റ് ചെയ്തത് കള്ളക്കേസിലാണെന്നും എന്നാൽ ബിജെപിയുടെ സമ്മർദത്തിന് എഎപി വഴങ്ങില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും മോഡൽ ടൗണിലെ എഎപി എംഎൽഎ അഖിലേഷ് പതി ത്രിപാഠി പറഞ്ഞു.