മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്
Thursday, April 4, 2024 10:15 AM IST
തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി ഇന്ന് പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരേ ഫെബ്രുവരി 29 നാണു മാത്യു കുഴല്നാടന് എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
മൂന്ന് ഘട്ടങ്ങളിലായി വാർത്താസമ്മേളനങ്ങളിൽ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. രേഖകൾ സഹിതമാണ് അദ്ദേഹം വിജിലൻസിന് പരാതി സമർപ്പിച്ചത്. എന്നാൽ, ഈ ഹർജി നിലനിൽക്കില്ലെന്നും ആദായനികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്.
കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്നാടന് കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തിരുന്നു.
മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇഡി കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.