ഇഡി അന്വേഷിച്ചുവരുന്ന മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ
Tuesday, April 2, 2024 3:24 AM IST
കോട്ടയം: ഇഡിയും സിബിഐയും അന്വേഷിച്ചുവരുന്ന മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിക്കണമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നുണ പ്രചരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തന്റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഭാര്യ മറിയാമ്മയും രംഗത്ത് വന്നിരുന്നു. വെട്ടി തുണ്ടമാക്കിയാലും തന്റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്നായിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം.
യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.