രാഷ്ട്രപതി ദ്രൗപതി മുർമു ഭാരതരത്ന പുരസ്കാരങ്ങൾ കൈമാറി
Saturday, March 30, 2024 3:09 PM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി. നരസിംഹ റാവു എന്നിവരുൾപ്പെടെ അഞ്ച് പേർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഭാരതരത്ന നൽകി.
ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ എന്നിവർക്കും പുരസ്കാരം ലഭിച്ചു. അഞ്ച് പേർക്കാണ് ഈ വർഷം ഭാരതരത്ന പുരസ്കാരം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രപതി അദ്ദേഹത്തിന്റെ വസതിയിലെത്തിയാകും പുരസ്കാരം കൈമാറുക. മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് സിംഗും പി.വി. നരസിംഹറാവുവിന്റെ പുരസ്കാരം മകൻ പി.വി. പ്രഭാകർ റാവുവും ഏറ്റുവാങ്ങി.
എം.എസ്. സ്വാമിനാഥനു വേണ്ടി മകൾ നിത്യ റാവു പുരസ്കാരം ഏറ്റുവാങ്ങി, കർപ്പൂരി ഠാക്കൂറിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ മകൻ രാംനാഥ് ഠാക്കൂറും ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.