ഡീസൽ ചെലവ് കുറയ്ക്കാൻ ഡിപ്പോകൾക്ക് ടാർഗറ്റ്
പ്രദീപ് ചാത്തന്നൂർ
Tuesday, March 26, 2024 4:25 PM IST
ചാത്തന്നൂർ: ഒരു ലിറ്റർ ഡീസലിന് പരമാവധി ദൂരം (കെഎംപിഎൽ) ലക്ഷ്യം വച്ച് കെഎസ്ആർടിസി ദക്ഷിണ മേഖലയിലെ ഡിപ്പോകൾക്ക് ടാർഗറ്റ് നിശ്ചയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലയിലെ ഡിപ്പോകൾക്കാണ് ടാർഗറ്റ്. ഏപ്രിൽ ഒന്നു മുതൽ ഇത് നിലവിൽ വരും.
ഹരിപ്പാട് ഡിപ്പോയ്ക്കാണ് കെഎംപിഎൽ ഏറ്റവും കൂടുതൽ. ഒരു ലിറ്ററിന് 4.69 കിലോമീറ്റർ ബസ് ഓടിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ, മുല്ലപ്പള്ളി ഡിപ്പോകൾ രണ്ടാം സ്ഥാനത്താണ്. 4.57 കിലോമീറ്ററാണ് ഇവരുടെ ലക്ഷ്യം. കോന്നി ഡിപ്പോ 4.54 കിലോമീറ്റർ. ഏറ്റവും കുറവ് പൂവാർ ഡിപ്പോയ്ക്കാണ്. ലിറ്ററിന് 3.87 കിലോമീറ്റർ. തൊട്ടടുത്ത് വെള്ളറടെയാണ്. 3.93. വിഴിഞ്ഞത്തിന് 4.01 ആണ് ലക്ഷ്യം.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ ടാർഗറ്റ് നിശ്ചയിച്ചിരുന്നു. ചില ഡിപ്പോകൾക്ക് ചില മാസങ്ങളിൽ ലക്ഷ്യം നേടാനായി. പത്തനാപുരം, മല്ലപ്പള്ളി, ആര്യനാട് എന്നീ ഡിപ്പോകളാണ് ഇതിൽ മുന്നിൽ. കുളത്തുപ്പുഴ, കൊട്ടാരക്കര, കോന്നി, കൊല്ലം, റാന്നി, മാവേലിക്കര, എടത്വ, എരുമേലി ഡിപ്പോകളും ചില മാസങ്ങളിൽ ലക്ഷ്യത്തിലെത്തിയിരുന്നു. പക്ഷേ ഒരു ഡിപ്പോയ്ക്കും വർഷം മുഴുവൻ ഇത് തുടരാൻ കഴിഞ്ഞില്ല.
ഡീസൽ ഉപഭോഗത്തെ നേരിട്ട് ബാധിക്കുന്ന ഡീസൽ ലീക്ക്, എയർ ലീക്ക്, ബ്രേക്ക് ജാമിംഗ്, ക്ലച്ച് തകരാറുകൾ എന്നിവ കൃത്യമായും പൂർണമായും പരിഹരിച്ചു മാത്രമേ ബസുകൾ സർവീസിന് അയയ്ക്കാവൂ എന്നും പ്രത്യേക നിർദ്ദേശം നല്കിയിട്ടുണ്ട്.