ഇലക്ടറൽ ബോണ്ട്; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്
Saturday, March 23, 2024 10:59 PM IST
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ നിരവധി കമ്പനികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിട്ടവയാണ് എന്ന ആരോപണത്തിന് പിന്നാലെയാണ് കോൺഗ്രസിന്റെ ആവശ്യം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ ബിജെപിക്ക് 50 ശതമാനത്തോളം സംഭാവന ലഭിച്ചപ്പോൾ കോൺഗ്രസിന് 11 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.
ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടെ 6,060 കോടി രൂപ ബിജെപി സമ്പാദിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി സ്വീകരിച്ചവർ ബിജെപിക്കെതിരെ നടപടിയെടുക്കാത്തത് ആശങ്കാജനകമാണെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.