കൊടകര കേസുമായി ബന്ധമില്ല; ആരുവിചാരിച്ചാലും അഴിമതിക്കേസില്‍ പ്രതിയാക്കാനാകില്ലെന്ന് കെ. സുരേന്ദ്രന്
Saturday, March 23, 2024 1:47 PM IST
തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസില്‍ തന്നെ പ്രതിയാക്കാനാകില്ല. അത് ആരും വിചാരിച്ചാലും നടക്കില്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കൊടകരയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടില്ല. അതൊരു കവര്‍ച്ചാ കേസാണ്. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസില്‍ നിയമപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ബിജെപി ഒത്തുകളിയെത്തുടർന്ന് കൊടകര കേസ് അന്വേഷണം നിലച്ചെന്ന കോൺഗ്രസ് ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
സംസ്ഥാനത്ത് കള്ളപ്പണ ഇടപാടുകളും ബാങ്കുകൊള്ളയും എല്‍ഡിഎഫും യുഡിഎഫും സംയുക്തമായാണ് നടത്തിയത്. ആ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടാണെന്നും 600 കോടി രൂപയുടെ അഴിമതി നടത്തിയ കേജരിവാളിനെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.