കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ അഡ്വ. സംഗീത; ബിഡിജെഎസ് സ്ഥാനാർഥികളായി
Saturday, March 16, 2024 12:10 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥുമാണ് സ്ഥാനാർഥികൾ.
പാർട്ടി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്ഥിക പട്ടിക പൂര്‍ത്തിയായി
എന്‍ഡിഎ മുന്നണിയില്‍ നാലു സീറ്റുകളാണ് ബിഡിജെഎസിന് ലഭിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെ.എ. ഉണ്ണിക്കൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്.
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. സംഗീത വിശ്വനാഥന് നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നു മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ സംഗീത 9,286 വോട്ട് നേടിയിരുന്നു.
കോട്ടയത്ത് ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോട്ടയത്ത് നിന്നും എൻഡിഎ എംപിയുണ്ടാകണം. കർഷകർക്ക് കൈത്താങ്ങാകാൻ നരേന്ദ്ര മോദി സർക്കാരിന് മാത്രമേ കഴിയൂ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 250 രൂപ റബറിന് അടിസ്ഥാന വില നിശ്ചയിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതിന്റെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് വ്യക്തമാക്കി.
കോട്ടയത്ത് പതിനെട്ടിനും ഇടുക്കിയില്‍ ഇരുപതിനും കണ്വെന്ഷന് നടക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ആറ് മാസത്തോളമായി പ്രചാരണവുമായി പാര്‍ട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാര്‍ പറഞ്ഞു.