കൂടുമാറ്റം: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു സമസ്ത
Friday, March 15, 2024 4:50 PM IST
കോഴിക്കോട്: ബിജെപിയിലേക്കുളള കൂടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. ജവഹർലാൽ നെഹ്റുവിന്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നതെന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു.
ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ എഐസിസി സമിതി അധ്യക്ഷൻ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നതിനെയും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. വിളിക്കു മുമ്പേ വിളിപ്പുറത്തെത്താൻ കാത്തിരിക്കുകയാണ് നേതാക്കൾ.
കൊല്ലാനാണോ വളർത്താനാണോ കൊണ്ടുപോകുന്നതെന്ന ധാരണ കോൺഗ്രസുകാർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കൂടുമാറ്റം.
ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നത്. സിപിഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ല. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത പറയുന്നു. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം വിമർശനം ഉന്നയിച്ചിരിക്കുന്നത്.