കോതമംഗലം പ്രതിഷേധം; മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tuesday, March 12, 2024 11:21 AM IST
കൊച്ചി: കാട്ടാന വയോധികയുടെ ജീവനെടുത്ത സംഭവത്തില്‍ കോതമംഗലത്ത് മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം.
മോര്‍ച്ചറിയില്‍നിന്ന് മൃതദേഹം പുറത്തുകൊണ്ടുപോയത് വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേ എന്ന് കോടതി ചോദിച്ചു. രാഷ്ട്രീയനേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ചോദ്യം ഉന്നയിച്ചു. കോതമംഗലത്തെ പ്രതിഷേധത്തിന്റെ പേരില്‍ പോലീസ് തുടര്‍ച്ചയായി തനിക്കെതിരേ കേസുകള്‍ എടുക്കുന്നെന്ന് കാട്ടി ഷിയാസ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതില്‍ കേസെടുക്കരുതെന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. കേസുകള്‍ എടുത്ത് നിരന്തരമായി ഉപദ്രവിക്കുന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.
എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചെയ്ത തെറ്റുകള്‍ ശരിയാണെന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.