ഉയർന്ന ഇന്ധന വില; രാജസ്ഥാനിൽ പെട്രോൾ പമ്പ് പണിമുടക്ക് ആരംഭിച്ചു
Sunday, March 10, 2024 7:17 AM IST
ജയ്പുർ: രാജസ്ഥാനിൽ രണ്ടു ദിവസത്തേക്ക് പെട്രോൾ പമ്പുകൾ അടച്ചിടും. സംസ്ഥാനത്തെ ഉയർന്ന ഇന്ധന വില സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാൻ പെട്രോൾ ഡീലേഴ്സ് അസോസിയേഷനാണ് "നോ പർച്ചേസ്, നോ സെയിൽ' പണിമുടക്ക് പ്രഖ്യാപിച്ചത്.
രാജസ്ഥാൻ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ ഞായറാഴ്ച രാവിലെ ആറ് മുതൽ അടുത്ത 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതായി സംഘടന ട്രഷറർ സന്ദീപ് ബഗേരിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. രാജസ്ഥാനിൽ വാറ്റ് നികുതി വർധിപ്പിച്ചതിനാൽ സംസ്ഥാനത്തെ പെട്രോൾ പമ്പ് ഓപ്പറേറ്റർമാർ തുടർച്ചയായി നഷ്ടം നേരിടുന്നുണ്ടെന്ന് ബഗേറിയ പറഞ്ഞു.
വാറ്റ് നികുതി കുറയ്ക്കണമെന്ന് ഞങ്ങൾ വളരെക്കാലമായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അത് കേൾക്കുന്നില്ല. അയൽ സംസ്ഥാനങ്ങളിൽ രാജസ്ഥാനെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാണ് പെട്രോൾ വിൽക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഡീലർമാരുടെ കമ്മീഷൻ വർധിപ്പിച്ചിട്ടില്ലെന്നാണ് മറ്റൊരു കാരണം. ഇതുമൂലം രാജസ്ഥാനിലെ മിക്ക പെട്രോൾ പമ്പുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അദ്ദേഹം പറഞ്ഞു.
അസോസിയേഷനിലെ 33 ശതമാനം ഡീലർമാരുടെയും പെട്രോൾ പമ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം ബഗേറിയ കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ പെട്രോൾ വില കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നു. ന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല, രാജസ്ഥാനിലാണ് പെട്രോളിന് ഏറ്റവും ഉയർന്ന വാറ്റ് നികുതിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.