രോഹിത്തിനും ഗില്ലിനും ശതകം; ഇന്ത്യയ്ക്ക് 255 റണ്‍സിന്റെ ലീഡ്
Friday, March 8, 2024 5:38 PM IST
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍ നിന്ന് രണ്ടാംദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റൺസെന്ന നിലയിലാണ്.
സ്കോർ ഇംഗ്ലണ്ട്: 218/10, ഇന്ത്യ: 473/8. നിലവിൽ ഇന്ത്യയ്ക്കിപ്പോൾ 255 റണ്‍സിന്റെ ലീഡുണ്ട്. രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന് (56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഒരു സിക്സും 10 ഫോറും ഉള്‍പ്പെടുന്നതാണ് ദേവ്ദത്തിന്റെ ഇന്നിംഗ്സ്. കുല്‍ദീപ് യാദവ് (27) ജസ്പ്രീത് ബുംറ (19) എന്നിവരാണ് ക്രീസിൽ.
രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറേല്‍ (15), രവിചന്ദ്രന്‍ അശ്വിന് (പൂജ്യം) എന്നിവര്‍ വേഗത്തില്‍ മടങ്ങി.
ഇംഗ്ലണ്ടിനുവേണ്ടി ഷുഐബ് ബഷീര്‍ നാലും ടോം ഹാര്‍ട്ട്ലി രണ്ടും ബെന്‍ സ്റ്റോക്സ്, ജെയിംസ് ആന്ഡേഴ്സന് എന്നിവര്‍ ഓരോ വിക്കറ്റും നേടി.