കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം ഇന്ന്
Wednesday, March 6, 2024 6:52 AM IST
എറണാകുളം: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കോൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റർ ദൂരത്തിൽ 25 സ്റ്റേഷനുകളുമായാണ് കൊച്ചി മെട്രോ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന് നിർമിച്ചിട്ടുള്ളത്.
ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കും. തൃപ്പുണിത്തുറയില്‍ നിന്നുള്ള ആദ്യ സര്‍വീസ് ഗംഭീരമാക്കാനാണ് അധികൃതരുടെ തീരുമാനം. മന്ത്രി പിരാജീവ് സമൂഹമാധ്യമങ്ങളിലൂടെയാണ് മെട്രോ ഉദ്ഘാടനത്തിന്റെ വിവരങ്ങൾ പങ്കുവച്ചത്.