ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
Monday, March 4, 2024 9:17 PM IST
ചെന്നൈ: ഡിഎംകെ സർക്കാരിനെതിരേ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി ബിജെപി സർക്കാർ ആത്മാർത്ഥ പരിഗണന നൽകുന്നുണ്ട്. എന്നാൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നത് ഡിഎംകെ സർക്കാരിന് വലിയ പ്രശ്നമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മഹാപ്രളയം അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ഇവിടുത്തെ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നില്ല. ആ സമയത്തും അവർ മാധ്യമ ശ്രദ്ധ നേടുന്ന തിരക്കിലായിരുന്നു. സൂര്യഗഡ് യോജനയിലൂടെ തമിഴ്നാട്ടിലെ ജനങ്ങൾക്ക് സൗജന്യ വൈദ്യുതി നടപ്പിലാക്കുമെന്ന് മോദി പറഞ്ഞു.
തമിഴ്നാട്ടിലെ ജനങ്ങൾക്കായുള്ള പണം നിങ്ങൾക്ക് ഒരിക്കലും കവർന്നെടുക്കാനാകില്ല. അത്തരത്തിൽ കവർന്നെടുക്കുന്ന പണം കണ്ടെത്തി സംസ്ഥാനത്തെ ജനങ്ങൾക്കായി തന്നെ ചെലവഴിക്കും. ഇതാണ് മോദി ഗ്യാരണ്ടി. ഡിഎംകെ നേതാക്കളോട് തനിക്ക് പറയാനുള്ളത് ഇതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രധാനമന്ത്രി സന്ദർശനം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ കൽപ്പാക്കത്തെത്തിയപ്പോളാണ് മോദി തമിഴ്നാട് സർക്കാരിനെ വിമർശിച്ചത്.