പി.സി. ജോര്‍ജ് ഈഴവ സമുദായത്തെ മാത്രമല്ല എല്ലാവരെയും അപമാനിച്ചു; നടപടി ചോദിച്ച് വാങ്ങും: തുഷാര്‍ വെള്ളാപ്പള്ളി
Monday, March 4, 2024 2:40 PM IST
ന്യൂഡല്‍ഹി: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പി.സി. ജോര്‍ജിനെതിരേ തുറന്നടിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ജോര്‍ജ് ഈഴവ സമുദായത്തെ മാത്രമല്ല എല്ലാവരെയും അപമാനിച്ചു. ജോര്‍ജിനെ നിയന്ത്രിക്കേണ്ടതുണ്ട്.
ഒരു സഭ പോലും പിസിയെ പിന്തുണയ്ക്കില്ല. അദ്ദേഹം സംസാരിക്കുന്നത് എങ്ങിനെയെന്ന് എല്ലാവര്ക്കും അറിയാം. ജോര്‍ജിനെതിരേ നടപടിയെടുക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുന്നില്ല. പക്ഷെ ജോര്‍ജ് തന്നെ നേതൃത്വത്തിന്റെ നടപടി വാങ്ങിവെച്ചോളുമെന്നും തുഷാര്‍ പറഞ്ഞു. പി.സി. ജോര്‍ജ് പ്രസ്താവനകള്‍ തുടര്‍ന്നാല്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്ക് വോട്ട് കൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും കോട്ടയം മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലും ആലത്തൂര്‍, എറണാകുളം, ചാലക്കുടി ഇതില്‍ ഏതെങ്കിലും ഒരു സീറ്റിലും ആയിരിക്കും മത്സരിക്കുക. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും തുഷാര്‍ വ്യക്തമാക്കി.
നേരത്തെ, പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ അനില്‍ ആന്റണിയുടെ പേരാണ് തെളിഞ്ഞത്. പത്തനതിട്ടയില്‍ തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്കുന്നതില് വെള്ളാപ്പള്ളി നടേശന് തടസം നിന്നെന്ന് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.
പത്തനംതിട്ടയ്ക്ക് അനില്‍ ആന്റണിയെ അറിയില്ലെന്നും മണ്ഡലത്തില്‍നിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവര്‍ത്തിച്ച തുഷാര്‍ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പ്രതിഫലം ദൈവം കൊടുക്കുമെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു.