സിദ്ധാർഥന്റെ മരണം: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആർഷോ
Thursday, February 29, 2024 12:02 AM IST
കല്‍പ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ കൊലപ്പെടു ത്തിയെന്ന് വരുത്താൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ആര്‍ഷോ പറഞ്ഞു.
കാമ്പസിനുള്ളിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഒന്നുമില്ല. റാഗിംഗ് നടന്നുവെന്ന കോളജിന്റെ കണ്ടെത്തൽ 22ന് പുറത്തുവന്നു. തുടര്‍ന്ന് സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ നാലു പേരെ സംഘടനയിൽ നിന്ന് പുറത്താക്കി.
നിലവിൽ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ നാല് പേർക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളതെന്നും കുറ്റക്കാരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും ആര്‍ഷോ പറഞ്ഞു.
അതേസമയം സിദ്ധാർഥന്റെ മരണത്തിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണു സിദ്ധാർഥൻ ക്രൂരമർദനത്തിനിരയായെന്നു തെളിഞ്ഞത്.