ടി.പി. വധക്കേസ് വിധി തെരഞ്ഞെടുപ്പില്‍ ബാധിക്കില്ല: എളമരം കരീം
Wednesday, February 28, 2024 11:01 AM IST
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസ് വിധി തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം. മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചുപിടിക്കും. നിലവിലെ എംപി എം.കെ. രാഘവനെക്കുറിച്ച് പ്രത്യേകിച്ച് വിമര്‍ശനമൊന്നും താന്‍ ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇതര സര്‍ക്കാരിനെ ആര് നയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടിയാലും പ്രധാനമന്ത്രി സ്ഥാനം കിട്ടണമെന്നില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്നും ആ സാഹചര്യം രാഹുലും കോണ്‍ഗ്രസും നഷ്ടപ്പെടുത്തിയെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് സിപിഎമ്മിന്റെ ലോക്സഭാ സ്ഥാനാര്‍ഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം.
എല്‍ഡിഎഫില്‍ സിപിഎമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. കാസർഗോഡ് - എം.വി. ബാലകൃഷ്ണന്, കണ്ണൂര്‍ - എം.വി. ജയരാജന്, വടകര - കെ.കെ. ശൈലജ, കോഴിക്കോട് - എളമരം കരീം, മലപ്പുറം - വി. വസീഫ്, പൊന്നാനി - കെ.എസ്. ഹംസ, പാലക്കാട് - എ. വിജയരാഘവന്, ആലത്തൂര്‍ - കെ. രാധാകൃഷ്ണന്, എറണാകുളം - കെ.ജെ. ഷൈന്‍, ചാലക്കുടി - സി. രവീന്ദ്രനാഥ്, ആലപ്പുഴ - എ.എം. ആരിഫ്, ഇടുക്കി - ജോയ്സ് ജോര്‍ജ്, പത്തനംതിട്ട - തോമസ് ഐസക്, കൊല്ലം - എം. മുകേഷ്, ആറ്റിങ്ങല്‍ - വി. ജോയ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
എല്ലാവരും പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.