മുസ്ലിം ലീഗ് പാർലമെന്ററി യോഗം ഇന്ന്; സ്ഥാനാർഥികളെ പ്രഖ്യാപിക്കും
Wednesday, February 28, 2024 9:56 AM IST
മലപ്പുറം: ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനായി മുസ്ലിം ലീഗിന്റെ നിർണായക പാർലമെന്ററി യോഗം ഇന്നുചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്നാട് രാമനാഥപുരത്തെ സ്ഥാനാർഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. രാവിലെ പത്തിന് പാണക്കാട്ട് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം.
മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും രാമനാഥപുരത്ത് സിറ്റിംഗ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും.
അതേസമയം, ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. പി.എം.എ. സലാം, പി.കെ. ഫിറോസ്, ഫൈസൽ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.