സുരേഷിന്റെ കുടുംബത്തിന് 10 ലക്ഷം, മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തു; മൂന്നാറിൽ ഹർത്താൽ പിൻവലിച്ചു
Tuesday, February 27, 2024 1:28 PM IST
ദേവികുളം: മൂന്നാര്‍ കന്നിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ. രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി.
ഇതിനു പിന്നാലെ മൂന്നാറിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. മൂന്നാര്‍ കെഡിഎച്ച് വില്ലേജ് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്നാര്‍ ടൗണില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. അതേസമയം, കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനംവകുപ്പ് ശിപാർശ ചെയ്യും. മക്കളുടെ പഠനച്ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആന തകര്‍ത്ത ഓട്ടോയ്ക്ക് പകരം പുതിയ ഓട്ടോറിക്ഷയും വനംവകുപ്പ് വാങ്ങി നല്‍കും.
കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഹൈറേഞ്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയാണ് മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍.
തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സുരേഷ് കുമാര്‍ ഓടിച്ചിരുന്ന ഓട്ടോ കാട്ടാന ആക്രമിച്ചത്. ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിന എന്നിവര്‍ക്ക് പരിക്കേറ്റു. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്കൂളില്‍ വാര്‍ഷിക പരിപാടി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു. ഇവരും പ്രിയയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്താണ് ഇവര്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നു തെറിച്ചു വീണ സുരേഷ്കുമാറിനെ മൂന്നു തവണ തുമ്പിക്കൈയില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ സുരേഷ്കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പിന്നാലെയെത്തിയ ജീപ്പിലുണ്ടായിരുന്ന യാത്രക്കാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സുരേഷ്കുമാറിന്റെ ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാട്ടാന പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് ഇന്നലെ രാവിലെ മുതല്‍ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. റോഡിലിറങ്ങിയ പടയപ്പ ഇന്നലെ പല വാഹനങ്ങളും ആക്രമിക്കുകയും ചെയ്തു.
എന്നാല്‍ ഏത് കാട്ടാനയാണ് ഓട്ടോയ്ക്കു നേരേ ആക്രമണം നടത്തിയതെന്ന് പരിശോധിച്ചു വരികയാണെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 23 ന് മൂന്നാര്‍ ഗുണ്ടുമലയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഒറ്റയാന് തന്നെയാണ് വീണ്ടും ആക്രമണം നടത്തിയതെന്നും സംശയമുണ്ട്. രണ്ടു മാസത്തിനുള്ളില്‍ മൂന്നാര്‍ മേഖലയില്‍ നാലു പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.