അഭിമാനം വാനോളം! ഗഗൻയാൻ ദൗത്യം നയിക്കാൻ മലയാളി; സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി
Tuesday, February 27, 2024 12:58 PM IST
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘത്തെ നയിക്കുന്നത് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ. വിഎസ്എസ്സിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യസംഘാംഗങ്ങളെ അവതരിപ്പിച്ചത്.
പാലക്കാട് നെന്മാറ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനൊപ്പം ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ. നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രോനട്ട് ബാഡ്ജുകളും സമ്മാനിച്ചു.
നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരാണ്. സുഖോയ് യുദ്ധവിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ നാഷണൽ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999-ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു.
ഇത് പുതിയ കാലഘട്ടത്തിന്റെ തുടക്കമാണെന്നും ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നുവെന്നും ദൗത്യസംഘാംഗങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഒരു ചരിത്ര നിമിഷത്തിനാണ് വിഎസ്എസ്സി സാക്ഷ്യം വഹിക്കുന്നത്. രാജ്യം നാലു ബഹിരാകാശ യാത്രികരെ പരിചയപ്പെട്ടു. ഇവർ നാലു പേരല്ല, നാല് ശക്തികളാണ്, കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകുന്ന നാലു ശക്തികൾ. രാജ്യത്തിന്റെ പേരിൽ നാലുപേർക്കും ആശംസകൾ നേരുന്നു. രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
തുമ്പയിലെ വിഎസ്എസ്സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യസംഘാംഗങ്ങളെ ആദ്യമായി പരിചയപ്പെടുത്തുന്ന ചടങ്ങ് നടന്നത്.
ഗഗൻയാൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്സിലെ സെമി ക്രയോജനിക് ഇന്റഗ്രേറ്റഡ് എൻജിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കൊപ്പം യാത്രികരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
2020ലാണു ഗഗൻയാൻ പദ്ധതിക്കായി നാലുപേരെയും തിരഞ്ഞെടുത്തത്. തുടര്‍ന്ന് റഷ്യയിലെ ഗഗാറിന് കോസ്മോനട്ട് സെന്ററില്‍ അടിസ്ഥാന പരിശീലനത്തിനു ശേഷം ബംഗളൂരുവിലും പരിശീലനം നല്കി.