വേട്ടക്കാരനെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടു
Saturday, February 24, 2024 7:34 PM IST
മലപ്പുറം: വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടു. മലപ്പുറത്ത് കാളിക്കാവ് മാളിയേക്കലിലാണ് സംഭവം. ഷാർപ്പ് ഷൂട്ടർ അയ്യപ്പനാണ് പന്നിയുടെ ആക്രമണത്തിൽ കിണറ്റിൽ വീണത്.
പന്നിയെ വെടിവയ്ക്കാനായി ഉന്നം പിടിച്ച് നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇയാളെ പന്നി ആക്രമിച്ചത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ അയ്യപ്പന് വീഴ്ചയിൽ പിക്കേറ്റില്ല. തുടർന്ന് കിണറ്റിൽ വീണ പന്നി ഇയാളെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.
പിന്നീട് ഒപ്പമുണ്ടായിരുന്ന മറ്റൊരു വേട്ടക്കാരനെത്തി പന്നിയെ വെടിവച്ച് കൊന്ന ശേഷമാണ് ഇയാളെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചത്. കാട്ടുപന്നി ശല്ല്യം രൂക്ഷമായതോടെ വനംവകുപ്പിന്റെ അനുമതിയോടെ പന്നികളെ വെടിവച്ച് കൊല്ലുന്നതിനിടെയാണ് വേട്ടക്കാരനുനേരേ പന്നിയുടെ ആക്രമണമുണ്ടായത്.