റാഞ്ചി ടെസ്റ്റിൽ ഇന്ത്യ പതറുന്നു; എല്ലാ പ്രതീക്ഷയും ധ്രുവ് ജുറലിൽ
Saturday, February 24, 2024 5:46 PM IST
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ പതറുന്നു. രണ്ടാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ ഏഴിന് 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സ്കോർ: ഇംഗ്ലണ്ട് 353/10, ഇന്ത്യ 219/7.
തുടക്കത്തിലെ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ (രണ്ട് റൺസ്) വിക്കറ്റ് നഷ്ടമായ ഇന്ത്യ കരുതലോടെയാണ് നീങ്ങിയത്. രണ്ടാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും 84 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചെങ്കിലും സ്പിന്നർമാർ വന്നതോടെ മത്സരത്തിന്റെ ഗതിമാറി.
യശസ്വി ജയ്സ്വാള്‍ (73) ഒഴികെയുള്ള താരരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ധ്രുവ് ജുറല്‍ (30), കുല്‍ദീപ് യാദവ് (17) എന്നിവരാണ് ക്രീസില്‍.ഇംഗ്ലണ്ടിന്റെ സ്കോറിന് ഒപ്പമെത്താൻ ഇന്ത്യയ്ക്ക് 134 റണ്‍സുകൂടി വേണം. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാലും, ടോം ഹാര്‍ട്ലി രണ്ടും, ആന്ഡേഴ്സൺ ഒരു വിക്കറ്റും വീഴ്ത്തി.
ഏഴിന് 302 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ട് 353 റൺസിന് പുറത്തായി. സെഞ്ചുറിനേടിയ റൂട്ടും അര്‍ധ സെഞ്ചുറി നേടിയ ഒല്ലി റോബിന്‍സൺ (58) ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. വാലറ്റത്ത് ഷൊയ്ബ് ബഷീര്‍ (0), ജെയിംസ് ആന്ഡേഴ്സൺ (0) എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല. 122 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും, ആകാശ് ദീപ് മൂന്നും, മുഹമ്മദ് സിറാജ് രണ്ടും, അശ്വിന് ഒരുവിക്കറ്റും വീഴ്ത്തി.