തൃഷയ്ക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് എ.വി. രാജു
Wednesday, February 21, 2024 1:18 AM IST
ചെന്നൈ: നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് എഐഎഡിഎംകെ നേതാവ് എ.വി. രാജു. നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കാനാണ് ശ്രമിച്ചതെന്നും രാജു വ്യക്തമാക്കി.
2017ല്‍ എഐഎഡിഎംകെയിലെ അധികാര തർക്കത്തിനിടെ എംഎല്‍എമാരെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്ന അവകാശവാദത്തോടെയാണ് എ.വി.രാജു അധിക്ഷേപ പരാമര്‍ശം നടത്തിയത്. സേലം വെസ്റ്റ് എംഎല്‍എ ജി. വെങ്കടാചലം ആവശ്യപ്പെട്ടതനുസരിച്ച് നടിയെ റിസോര്‍ട്ടില്‍ എത്തിച്ചെന്നായിരുന്നു പരാമര്‍ശം. പരാമർശത്തെതുടർന്ന് വ്യാപക പ്രതിഷേധമുയർന്നതോടെയാണ് നടിയോട് മാപ്പുപറയുന്നതായി രാജു അറിയിച്ചത്.
പരാമർശം വൻ ചർച്ചയായതോടെ പ്രതികരണവുമായി നടിയും രംഗത്തെത്തിയിരുന്നു. ശ്രദ്ധ പിടിച്ചുപറ്റാനായി ആളുകൾ തരംതാഴുകയാണ്. വെറുപ്പുളവാക്കുന്നതാണ് ഇത്തരം കാഴ്ചകൾ. തുടർന്ന് വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചിരുന്നു. ഇതോടെയാണ് മാപ്പ് പറയുന്നതായി രാജു അറിയിച്ചത്.