പശ്ചിമ ബംഗാളിൽ ക്രമസമാധാനം പൂർണമായി തകർന്നു: ബിജെപി നേതാവ് കൈലാഷ്
Sunday, February 18, 2024 7:30 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ക്രമസമാധാനവും പൂർണമായി തകർന്നുവെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയവർഗിയ. അവിടെ സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ല. സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ പോലീസ് പോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും കൈലാഷ് പറഞ്ഞു.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും ബലം പ്രയോഗിച്ച് ഭൂമി കൈക്കലാക്കുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം.
ലൈംഗികാതിക്രമങ്ങളും അക്രമങ്ങളും ആരോപിക്കപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി സന്ദർശിച്ചപ്പോൾ പോലീസ് തടഞ്ഞിരുന്നു. ഇതോടെ ബിജെപി നേതാക്കളായ അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗ്ഗൽ, കവിതാ പടിദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരുൾപ്പെടെയുള്ള സംഘം ഗവർണർ സി.വി. ആനന്ദ ബോസിനെ കണ്ടിരുന്നു.