ശശീന്ദ്രനെ വനംവകുപ്പില്‍നിന്നു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
Saturday, February 17, 2024 5:12 PM IST
കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെയും മറ്റു വന്യജീവികളുടെയും ആക്രമണത്തില്‍ ആളുകള്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ വനംവകുപ്പില്‍നിന്നു മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു.
കര്‍ഷകരുടെ രക്ഷയ്ക്കു നടപടിയെടുക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വയനാട്ടില്‍നിന്നുള്ള എംഎല്‍എയായ ടി. സിദ്ദീഖ് അടക്കമുള്ളവരും പ്രതിപക്ഷ നേതാവും ശശീന്ദ്രന്റെ രാജി ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശശീന്ദ്രന് വനംവകുപ്പു നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
വയനാട്ടില്‍ ഒരാഴ്ചയ്ക്കകം രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. രണ്ടു കുടുംബത്തിന്റെ അത്താണികള്‍ പൊലിഞ്ഞിട്ടും അവരോട് ഐക്യദാര്‍ഡ്യം പ്രകടപ്പിക്കാന്‍ മന്ത്രി എന്ന നിലയ്ക്കു ശശീന്ദ്രനു കഴിയാത്തത് നാണേക്കടുണ്ടാക്കിയതായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ പോലും പറയുന്ന സാഹചര്യമുണ്ടായി. എന്‍സിപിയിലും ശശീന്ദ്രനെതിരേ വികാരം ശക്തമാണ്.
കാട്ടാനയെ തടയാന്‍ മന്ത്രിക്കു സാധ്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കമ്പിവേലികള്‍ കെട്ടിയും കിടങ്ങുകള്‍ കുഴിച്ചും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു വരുന്നതു തടയാന്‍ സാധിക്കും. അതിനൊന്നും പദ്ധതികള്‍ നടപ്പാക്കുന്നില്ല.
യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പ്രവൃത്തികള്‍ തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഇതിന് പ്രധാന കാരണമാണ്. കമ്മീഷനും കൈക്കൂലിയുമാണ് ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഇത്തരക്കാരെ കണ്ടെത്തി പ്രധാന സ്ഥാനങ്ങളിൽ നിന്നും മാറ്റാന്‍ മന്ത്രിക്കു കഴിയുന്നില്ല.
ഒറ്റയ്ക്കു വയനാട്ടിലേക്കു പോകാന്‍ ഭയപ്പെടുന്ന മന്ത്രി മറ്റു മന്ത്രിമാര്‍ക്കൊപ്പം അവിടം സന്ദര്‍ശിക്കാനാണ് ആലോചിക്കുന്നത്. അടുത്ത ദിവസം മന്ത്രിതല സംഘം അവിടം സന്ദര്‍ശിക്കുമെന്നാണ് സൂചന. ഈ സംഘത്തില്‍ അംഗമായി ജനരോഷത്തില്‍ നിന്നു രക്ഷ നേടാനാണ് ശശീന്ദ്രന് ആലോചിക്കുന്നത്.