വയനാട്ടിൽ ശനിയാഴ്ച യുഡിഎഫ് ഹർത്താൽ
Friday, February 16, 2024 4:14 PM IST
വയനാട്: തുടർച്ചയായി വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്നതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ശനിയാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെ കുറുവ ദ്വീപിൽ ആനയുടെ ആക്രമണത്തിന് ഇരയായ ഇക്കോ ടൂറിസം താത്കാലിക ജീവനക്കാരനായ പോൾ വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. പാക്കം വെള്ളച്ചാൽ സ്വദേശിയാണ്.
വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ പോളിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ നില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരാഴ്ച മുൻപാണ് മാനന്തവാടി പടമല സ്വദേശി അജീഷ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. കർണാടക വനത്തിൽ നിന്നും ഇറങ്ങിയ ബേലൂർ മഖ്ന എന്ന മോഴയാനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ വയനാട്ടിൽ വൻ ജനരോഷം ഉയർന്നിരുന്നു.
അജീഷിന്റെ മൃതദേഹവുമായി നാട്ടുകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജില്ലാ കളക്ടറെയും എസ്പിയെയും വഴിയിൽ തടഞ്ഞ നാട്ടുകാരെ വളരെ പണിപ്പെട്ടാണ് അധികൃതർ അനുനയിപ്പിച്ചത്.
പിന്നീട് അജീഷിനെ ആക്രമിച്ച ആനയെ മയക്കുവെടി വച്ച് വനംവകുപ്പിന്റെ മുത്തങ്ങ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ ധാരണയായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് ദിവസമായി വനംവകുപ്പ് സംഘം ആനയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും മയക്കുവെടി വയ്ക്കാൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് കുറുവ ദ്വീപിൽ ഒരു മനുഷ്യജീവൻ കൂടി വന്യമൃഗ ആക്രമണത്തിൽ പൊലിഞ്ഞത്.