സുപ്രീംകോടതി ഇടപെടൽ; വായ്പാപരിധിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണ
Tuesday, February 13, 2024 3:50 PM IST
ന്യൂഡല്‍ഹി: വായ്പാപരിധി വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായത്.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രം തയാറാണെന്ന് എജി സുപ്രീംകോടതിയെ അറിയിച്ചു. ബുധനാഴ്ച തന്നെ ചര്‍ച്ചയ്ക്കെത്താമെന്ന് കേരളവും വ്യക്തമാക്കി.
ധനമന്ത്രി നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കായതിനാല്‍ നാളെ എത്താന്‍ കഴിയില്ല. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നാളെ തന്നെ ഡല്‍ഹിയില്‍ എത്തുമെന്നും കേരളത്തിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹർജി പരിഗണക്കുന്പോഴാണ് ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തിക്കൂടെയെന്ന് കോടതി ആരാഞ്ഞത്. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇരുകൂട്ടരും സമ്മതം മൂളിയെങ്കിലും ധനമന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷം ആധികാരികമായ നിലപാടറിയിക്കാൻ കോടതി നിർദേശം നൽകി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ ഇരുകൂട്ടരും നിലപാട് അറിയിക്കുകയായിരുന്നു.
കേരളത്തിലെയും കേന്ദ്രത്തിലെയും നേതാക്കള്‍ പരിചയസമ്പന്നരാണെന്നും അവര്‍ക്ക് ഈ വിഷയം സംസാരിച്ച് പരിഹരിക്കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്കി.