കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടെയെന്ന് സുപ്രീംകോടതി
Tuesday, February 13, 2024 12:08 PM IST
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടെയെന്ന് സുപ്രീംകോടതി. സൗഹാര്‍ദപരമായ സമീപനം ഉണ്ടായിക്കൂടെയെന്ന് കോടതി ചോദിച്ചു. ഉച്ചയ്ക്ക് രണ്ടിന് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ കോടതി ഇരുകൂട്ടര്‍ക്കും നിര്‍ദേശം നല്കി.
ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി.വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചത്. ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള നയപരമായ വിഷയമാണ്. കേരളത്തിനു വേണ്ടി മാത്രമായി തീരുമാനമെടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയമാണിത്. ചര്‍ച്ചയിലൂടെ വിഷയം പരിഹരിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. സംസ്ഥാന ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രധനമന്ത്രിയും ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞു.
ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കബില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര ധനമന്ത്രിക്ക് ഒറ്റയ്ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും ധനകാര്യസെക്രട്ടറി അടക്കമുള്ളവരുമായി കൂടിയാലോചന നടത്തിയ ശേഷം നിലപാടറിയിക്കാമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഈ സമയത്ത് നിലപാടറിയിക്കാന്‍ ഇരുകൂട്ടരോടും കോടതി നിര്‍ദേശിക്കുകയായിരുന്നു.