എക്സാലോജിക്: ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാലും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്ന് ബാലൻ
Thursday, February 8, 2024 7:57 PM IST
തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്കാലോജിക് ഹർജി നൽകിയത് നിയമപരമായ നടപടിയെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു ബാലൻ.
കോടതിയുടെ മുന്നിലുള്ള കേസിലാണ് എസ്എഫ്ഐഒ അന്വേഷണം. അതിൽ തീരുമാനം വരും മുൻപ് എസ്എഫഐഒ അന്വേഷണം നടക്കുന്നതിനാലാണു ഹർജി നൽകിയതെന്നും ബാലൻ പറഞ്ഞു.
അന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല. അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല. ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല. വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ യുഡിഎഫിലേക്കായിരിക്കും കാര്യങ്ങൾ നീങ്ങാൻ പോവുന്നതെന്നും ബാലൻ പറഞ്ഞു.