റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച പൊന്നമ്മയ്ക്ക് ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്കി കോൺഗ്രസ്
Thursday, February 8, 2024 2:43 PM IST
ഇടുക്കി: അഞ്ചുമാസമായി പെന്ഷന് മുടങ്ങിയതിനെത്തുടർന്ന് റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച തൊണ്ണൂറുകാരി പൊന്നമ്മയ്ക്ക് സഹായവുമായി കോൺഗ്രസ്. സംഭവം വാർത്തയായതിനു പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഒരുമാസത്തെ പെൻഷനും ഭക്ഷ്യകിറ്റും നല്കി.
വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് ബുധനാഴ്ച വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡില്‍ കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്. പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന് മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടിൽ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായൻ കൂട്ടിച്ചേർത്തു.
പ്രതിഷേധത്തെ തുടർന്ന് റോഡിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.