തികച്ചും വ്യക്തിപരം; ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ടു ടെസ്റ്റുകളും കോഹ്ലിക്ക് നഷ്ടമാകും
Thursday, February 8, 2024 1:24 PM IST
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടുമത്സരങ്ങളിൽ മാറിനിന്ന സൂപ്പർതാരം വിരാട് കോഹ്ലിക്ക് അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമായേക്കുമെന്ന് സൂചന.
ഈമാസം 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ്. നാലാം ടെസ്റ്റ് 23ന് റാഞ്ചിയിൽ ആരംഭിക്കും. മാർച്ച് ഏഴിന് ധരംശാലയിൽ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റ് കോഹ്ലി കളിക്കുന്ന കാര്യം സംശയത്തിലാണെന്നും ഇഎസ്പിഎൻ ക്രിക്ഇഫോ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് ജനുവരി 22നാണ് വിരാട് കോഹ്ലി ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് പിന്മാറിയ വിവരം പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നു മാത്രമാണ് ബിസിസിഐ അറിയിച്ചത്.
അതേസമയം, കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും താരദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് കോഹ്ലി വിട്ടുനില്ക്കുന്നതെന്നാണ് സൂചന. നേരത്തെ, ദക്ഷിണാഫ്രിക്കൻ മുൻ താരം എ.ബി. ഡിവില്ലിയേഴ്സ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
പേസർ ജസ്പ്രിത് ബുംറയും മൂന്നാം ടെസ്റ്റിൽ കളിക്കുമോയെന്നുള്ള കാര്യം വ്യക്തമല്ല. ബുംറയ്ക്ക് മൂന്നാം ടെസ്റ്റിൽ നിന്ന് വിശ്രമം അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ടാം ടെസ്റ്റിൽ നിന്ന് വിശ്രമം അനുവദിച്ച വലംകൈയൻ പേസർ മുഹമ്മദ് സിറാജ് രാജ്കോട്ട് ടെസ്റ്റിൽ തിരിച്ചെത്തിയേക്കും.
കൂടാതെ, പരിക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റ് നഷ്ടമായ കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരും മൂന്നാം ടെസ്റ്റിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.