മുംബൈ തീരത്ത് നിന്നും ബോട്ട് പിടികൂടി; മൂന്നുപേർ കസ്റ്റഡിയിൽ
Wednesday, February 7, 2024 6:51 AM IST
മുംബൈ: മുംബൈ തീരപ്രദേശത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട "അബ്ദുള്ള ഷെരീഫ്' എന്ന ബോട്ട് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ബോട്ടിൽ മൂന്ന് പേർ ഉണ്ടായിരുന്നു. എല്ലാവരും തമിഴ്നാട് കന്യാകുമാരി സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, ഇതുവരെ സംശയാസ്പദമായ ഒന്നും പ്രതികളിൽ നിന്ന് കണ്ടെത്തിയിട്ടില്ല.
ബോട്ട് കുവൈറ്റിൽ നിന്ന് എത്തിയതാണെന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മൂന്ന് പേരെ ചോദ്യം ചെയ്തുവരികയാണെന്നും കൊളാബ പോലീസ് സംഭവസ്ഥലത്തുണ്ടെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.