മധ്യപ്രദേശിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; രണ്ടുപേർ അറസ്റ്റിൽ
Wednesday, February 7, 2024 3:42 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പടക്ക നിർമാണശാലയുടെ ഉടമകളായ രാജേഷ് അഗർവാൾ, സോമേഷ് അഗർവാൾ എന്നിവരെ രാജ്ഗഢ് ജില്ലയിലെ സാരംഗ്പൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
നരഹത്യയ്ക്കും മറ്റ് കുറ്റങ്ങൾക്കുമാണ് ഇവർക്കെതിരെ കേസെടുത്ത്. സംഭവവുമായി ബന്ധപ്പെട്ട് റഫീഖ് ഖാൻ എന്ന ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി ഹർദ പോലീസ് സൂപ്രണ്ട് (എസ്പി) സഞ്ജീവ് കാഞ്ചൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 304 (കൊലപാതകമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷ), 308 (മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷ), 34 (പൊതു ഉദ്ദേശ്യത്തിനായി നിരവധി ആളുകൾ ചെയ്ത പ്രവൃത്തികൾ) എന്നിവ പ്രകാരം കേസെടുത്തു.
ഹർദ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള മഗർധ റോഡിലെ ബൈരാഗഡ് പ്രദേശത്താണ് സംഭവം നടന്നത്. അപകടത്തിൽ 11പേർ മരിക്കുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ അറിയിച്ചു. രണ്ട് കിലോമീറ്റര്‍ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം കേട്ടു. സ്ഫോടനമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.