മത്സര പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്ക് ഇനി പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും
Tuesday, February 6, 2024 7:58 PM IST
ന്യൂഡൽഹി: മത്സര പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നവർക്ക് എതിരേ കർശന നടപടി ഉറപ്പ് വരുത്തുന്ന ബില്ല് ലോക്സഭയിൽ പാസാക്കി. പബ്ലിക്ക് എക്സാമിനേഷൻ ബില്ല് 2024 ആണ് ലോക്സഭ പാസാക്കിയത്. മത്സര പരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്ക് പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും ശിക്ഷയായി ബില്ലിൽ പറയുന്നു.
വിവിധ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകളിലെ കൃത്രിമങ്ങൾ അവസാനിപ്പിക്കലാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യം ചോർത്തുകയോ ഉത്തര കടലാസിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കും.
കുറ്റകൃത്യങ്ങൾ മറച്ച് വയ്ക്കുന്ന സേവനദാതാവായ കമ്പനിക്ക് ഒരു കോടി രൂപ പിഴ ലഭിക്കും. ഈ സ്ഥാപനത്തിന്റെ മാനേജർക്ക് പത്ത് വർഷം തടവും ലഭിക്കാം. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ജാമ്യം ലഭിക്കില്ല. വാറന്റ് ഇല്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് അനുമതി ഉണ്ടാകും. യാതൊരു വിധത്തിലെ ഒത്തുതീർപ്പും കേസിൽ അനുവദിക്കില്ലെന്നും ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.