വീട് ജപ്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
Friday, February 2, 2024 12:15 PM IST
തൃശൂര്‍: വീടിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന് വിഷ്ണു (26) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വീട് വയ്ക്കുന്നതിനായി സ്വകാര്യ ബാങ്കില്‍ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു.
12 കൊല്ലം മുമ്പാണ് കുടുംബം എട്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നത്. തുടര്‍ന്ന് 8.74 ലക്ഷം രൂപാ തിരിച്ചടച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ കോവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് തിരിച്ചടവ് മുടങ്ങി.
ഇതോടെ കുടിശികയായി. കുടിശിക തുക ആറു ലക്ഷം എത്തിയതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നതായി വിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ന് പിതൃസഹോദരന്റെ വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.