കേന്ദ്രത്തിന് അന്ത്യശാസനം; കുടിശിക നൽകിയില്ലെങ്കിൽ ധർണയിരിക്കുമെന്ന് മമതാ ബാനർജി
Thursday, February 1, 2024 5:51 AM IST
കോൽക്കത്ത: കേന്ദ്രസർക്കാർ നൽകാനുള്ള കുടിശിക പണം നൽകിയില്ലെങ്കിൽ ഫെബ്രുവരി രണ്ടാം തീയതി മുതൽ ധർണയിരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
കോൽക്കത്തയിലെ റെഡ് റോഡ് ഏരിയയിലെ ബിആർ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന ധർണയിൽ പാർട്ടി പ്രവർത്തകരും ഫണ്ട് നൽകാത്തതിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരും പങ്കെടുക്കണമെന്ന് മാൾഡയിലെ ഒരു ഔദ്യോഗിക ചടങ്ങിൽ സംസാരിക്കവെ മമത ബാനർജി അഭ്യർഥിച്ചു.
"സംസ്ഥാനത്തിന്റെ എല്ലാ കുടിശികകളും തീർക്കാൻ ഫെബ്രുവരി ഒന്ന് വരെ ഞാൻ അവർക്ക് സമയം നൽകിയിട്ടുണ്ട്. അവർ പണം നൽകിയില്ലെങ്കിൽ ഫെബ്രുവരി രണ്ട് മുതൽ ഞാൻ ധർണ നടത്തും. കുടിശിക നൽകിയില്ലെങ്കിൽ, ഒരു പ്രസ്ഥാനത്തിലൂടെ അത് എങ്ങനെ നേടാമെന്ന് എനിക്കറിയാം. എല്ലാ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ധർണയിൽ പങ്കെടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു. എല്ലാവരുടെയും പിന്തുണ ഞാൻ ആഗ്രഹിക്കുന്നു. മമതാ ബാനർജി പറഞ്ഞു.
എംജിഎൻആർഇജിഎ, പിഎം ഗ്രാമിൺ ആവാസ് യോജന (പിഎംജിഎവൈ) ഉൾപ്പെടെ നിരവധി പദ്ധതികൾക്കായി കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ളത് 7,000 കോടി രൂപയാണെന്ന് മമതാ ബാനർജി പറയുന്നു.
പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ 156 കേന്ദ്രസംഘങ്ങൾ സംസ്ഥാനം സന്ദർശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും കേന്ദ്രം ഇതുവരെ ഞങ്ങൾക്ക് കുടിശിക നൽകിയിട്ടില്ലെന്നും മമതാ കൂട്ടിച്ചേർത്തു.