കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരു തട്ടിൽ; ഏകപ്രതിപക്ഷം ഗവർണറെന്ന് പി.സി. ജോർജ്
Tuesday, January 30, 2024 5:28 PM IST
ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരു തട്ടിൽ തന്നെയാണെന്ന് കേരള ജനപക്ഷം സെക്കുലർ അധ്യക്ഷൻ പി.സി. ജോർജ്. കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കണമെങ്കിൽ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
കേരളത്തിൽ മഹകൊള്ളക്കാരനായ ഒരാൾ മുഖ്യമന്ത്രിയായി ഇരിക്കുന്നു. ആ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നത് കോണ്ഗ്രസുകാരാണ്. ആ കൊള്ളക്കാരന്റെ ബി ടീമായിട്ട് വി.ഡി. സതീശനും. വ്യക്തിപരമായി സതീശനെ തനിക്കിഷ്ടമാണ്. പക്ഷേ, രാഷ്ട്രീയമായി നോക്കുന്പൊ വലിയ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേ ഉള്ളൂ. അത് നമ്മുടെ ഗവർണർ ആണെന്നും ജോർജ് പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആദ്യമായി എതിർത്തത് താനാണ്. അന്ന് താൻ ഒറ്റയ്ക്കായിരുന്നു. പിന്നീട് ആയിരക്കണക്കിന് അയ്യപ്പന്മാർ തന്റെ കൂട്ടത്തിൽ കൂടി. അന്ന് ആദ്യമായി സഹായത്തിനെത്തിയത് കെ. സുരേന്ദ്രനാണ്. അന്ന് മുതലുള്ള ബന്ധമാണ് സുരേന്ദ്രനുമായി ഉള്ളതെന്നും ജോർജ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു ജോർജിന്റെ മറുപടി. മത്സരിക്കണമെന്ന നിർബന്ധബുദ്ധിയുമായല്ല താൻ നിൽക്കുന്നത്. ബിജെപി നേതൃത്വം എന്ത് പറയുന്നോ അത് കേൾക്കുമെന്നും ജോർജ് വ്യക്തമാക്കി.
പി.സി. ജോർജ് ബിജെപിയിൽ ചേരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി ജോർജ് ഡൽഹിയിൽ ചർച്ച നടത്തുന്നുണ്ട്.