മിസോറാമിലെത്തിയ 184 മ്യാൻമർ സൈനികരെ തിരിച്ചയച്ചു
Tuesday, January 23, 2024 7:48 AM IST
ന്യൂഡൽഹി: മിസോറാമിലേക്ക് പലായനം ചെയ്ത 184 മ്യാൻമർ സൈനികരെ തിരിച്ചയച്ചു. സൈനികരെ തിരികെ കൊണ്ടുപോകുന്നതിനായി മ്യാൻമർ വ്യോമസേനയുടെ വിമാനം തിങ്കളാഴ്ച ഉച്ചയോടെ മിസോറാമിലെ ലെംഗ്പുയ് വിമാനത്താവളത്തിൽ എത്തി.
ശേഷിക്കുന്ന 92 മ്യാൻമർ സൈനികരെ ഇന്ന് തിരിച്ചയക്കും. അയൽ രാജ്യങ്ങളിൽ നിന്നുള്ള സൈനികരെ തിരിച്ചയക്കുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മിസോറാം സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ വിമതഗ്രൂപ്പുകളുമായുണ്ടായ സംഘർഷത്തിന് പിന്നാലെ ജനുവരി 17നാണ് നൂറുകണക്കിന് മ്യാൻമർ സൈനികർ അതിർത്തി കടന്ന് മിസോറാമിലെ ലാംഗ്ട്ലായ് ജില്ലയിൽ അഭയം പ്രാപിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ചഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിൽ മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിഷയം ഉന്നയിക്കുകയും മ്യാൻമർ സൈനികരെ മടക്കി അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.