എഐ കാമറ: കെൽട്രോണിന് അടയ്ക്കേണ്ട രണ്ടാം ഗഡു നൽകാൻ ഹൈക്കോടതിയുടെ അനുമതി
വെബ് ഡെസ്ക്
Wednesday, January 17, 2024 1:57 AM IST
കൊച്ചി: കെൽട്രോണിന് എഐ കാമറ സ്ഥാപിച്ച ഇനത്തിൽ അടയ്ക്കേണ്ട രണ്ടാം ഗഡു നൽകാൻ ഹൈക്കോടതി അനുമതി. ഈയിനത്തിൽ 11.79 കോടി രൂപയാണ് അടയ്ക്കേണ്ടത്. എഐ ക്യാമറ സ്ഥാപിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
മുൻപ് ഫണ്ട് അുവദിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ കോടതിയുടെ അനുമതിയോടെ ആദ്യ ഗഡു കഴിഞ്ഞ മാസം നൽകി. എഐ കാമറകൾ സ്ഥാപിച്ചെന്നും തുടർനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ഗഡു നൽകാൻ കോടതി അനുവാദം കൊടുത്തത്.
എഐ ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമലംഘനത്തിന് ജൂൺ അഞ്ച് മുതലാണ് പിഴ ഈടാക്കാൻ ആരംഭിച്ചത്. കാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ തുക മൂന്ന് മാസത്തിലൊരിക്കൽ ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. എന്നാൽ കാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയരുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജികളെത്തുകയും ചെയ്തു.
ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം തുക അനുവദിക്കാനുമുള്ള തീരുമാനമാണ് മന്ത്രിസഭയെടുത്തത്. ആകെ 726 എഐ കാമറകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പിഴത്തുക തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിക്കുകയായിരുന്നു.