രാഹുലിന്റെ ബസിനെ ട്രോളി ഇടത് നേതാക്കൾ; മറുപടിയുമായി കോൺഗ്രസ്
Tuesday, January 16, 2024 5:43 PM IST
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി ഉപയോഗിക്കുന്ന ബസിനെ ചൊല്ലി വിവാദം. മന്ത്രി എം.ബി. രാജേഷാണ് ബസിലെ ആഡംബരങ്ങളെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. വിഷയം വലിയ ചർച്ചയായതോടെ ബസിന് ചെലവായ പണം പാർട്ടിയാണ് വഹിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
മന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തി. ബസിനായി പൊതു ഖജനാവിൽനിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലന്നാണ് വേണുഗോപാലും സതീശനും മറുപടി നൽകിയത്.
നേരത്തെ മന്ത്രി വി.ശിവൻകുട്ടിയും സമാന വിമർശനം ഉന്നയിച്ചിരുന്നു. നവകേരള സദസിനായി മുഖ്യമന്ത്രി സഞ്ചരിച്ച ബസിനെ പരിഹസിച്ച പ്രതിപക്ഷ നേതാക്കൾ രാഹുൽ സഞ്ചരിക്കുന്ന ബസിലെ സൗകര്യങ്ങൾ കാണുന്നില്ലേ എന്നും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഒന്നും പറയാനില്ലേ എന്നും ശിവൻകുട്ടി ചോദിച്ചിരുന്നു.
തെലുങ്കാന മോട്ടോർ വാഹന വകുപ്പിന് കീഴിലാണ് രാഹുൽ സഞ്ചരിക്കുന്ന വാഹനം രജിസ്റ്റർചെയ്തിട്ടുള്ളത്. എട്ടു പേർക്ക് സംവദിക്കാവുന്ന കോണ്‍ഫറൻസ് മുറി, അറ്റാച്ച്ഡ് ബാത്ത്റും, ബസിന് മുകളിലെത്തി ആളുകളുമായി സംസാരിക്കാൻ ലിഫ്റ്റും പ്രത്യേക പ്ലാറ്റ്ഫോമും തയാറാക്കിയിട്ടുണ്ട്.
പ്രത്യേക പാസ് ഉപയോഗിച്ച് പൊതുജനങ്ങൾക്കും രാഹുൽ ഗാന്ധിയുമായി സംസാരിക്കാനുള്ള അവസരമുണ്ട്. ബസിൽ ഒരുക്കിയിട്ടുള്ള വലിയ സ്ക്രീനിലൂടെ അകത്തെ കാഴ്ചകൾ പുറത്തുള്ളവർക്ക് കാണാനാകും.