അട്ടിമറി വിജയം; ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം കുറിച്ച് സുമിത് നാഗൽ
Tuesday, January 16, 2024 2:48 PM IST
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗൽ. ലോക 27-ാം നമ്പർ താരമായ കസഖ്സ്ഥാന്റെ അലക്സാണ്ടർ ബബ്ലിക്കിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിൽ കടന്നു. ഓസ്ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിൽ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് സീഡ് ചെയ്ത താരത്തെ തോൽപിക്കുന്നത്.
രണ്ടുമണിക്കൂർ 38 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സുമിത്തിന്റെ വിജയം. സ്കോർ: 6-4, 6-2, 7-6. മൂന്നാം സെറ്റിന്റെ ആദ്യ ആറു ഗെയിമുകളിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവിൽ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്.
പുരുഷ സിംഗിൾസിൽ ഇതിഹാസ താരം രമേഷ് കൃഷ്ണൻ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തിയിട്ടുണ്ട്. 1983, 1984, 1987, 1988, 1989 എഡിഷനുകളിലായിരുന്നു താരത്തിന്റെ പ്രകടനം.
1984-ൽ വിജയ് അമൃത്രാജും 1997, 2000 വർഷങ്ങളിൽ ലിയാൻഡർ പേസും 2013-ൽ സോംദേവ് ദേവ്വർമനും ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കളിച്ചിട്ടുണ്ട്.
ലോക റാങ്കിംഗിൽ 139-ാം സ്ഥാനത്തുള്ള സുമിത് നാഗൽ 2021ലെ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യറൗണ്ടിൽതന്നെ പുറത്തായിരുന്നു.