എം.ടിയുടെ വിമർശനം: വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് ഗോവിന്ദൻ
Monday, January 15, 2024 3:34 PM IST
തിരുവനന്തപുരം: വീരാരാധന മാർക്സിസത്തോട് മാത്രമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ. വീരാരാധന പല രീതിയിൽ പ്രകടിപ്പിക്കാറുണ്ട്. ലെനിനോടും സ്റ്റാലിനോടുമെല്ലാം അത്തരത്തിൽ വീരാരാധന പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച തന്റെ പദപ്രയോഗം കൃത്യമാണ്. അഗ്നി എന്നതിന് പകരം സൂര്യൻ എന്ന് ഉപയോഗിച്ചു. എം.ടി.വാസുദേവൻ നായർ പറഞ്ഞ വാക്കുകൾ സംബന്ധിച്ച വിവാദങ്ങൾ രാഷട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
എം.ടി ഇക്കാര്യങ്ങൾ ആദ്യമായി പറഞ്ഞത് 1998-ലാണ്. എം.ടി പറഞ്ഞത് എൽഡിഎഫ് സർക്കാരിനെക്കുറിച്ചല്ല. ഈ കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സാലോജിക്കിനെതിരായ അന്വേഷണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ഏത് അന്വേഷണവും വരട്ടെ, നേരിടുമെന്നും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ അമ്പലത്തിൽ പോകുന്നതിന് സിപിഎം എതിരല്ലെന്നും എന്നാൽ അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നിലെ രാഷ്ട്രീയം വർഗീയതയാണെന്നും ഗോവിന്ദൻ പറഞ്ഞു.
2025-ൽ മാത്രമേ അയോധ്യ ക്ഷേത്രത്തിന്റെ പണി പൂർത്തിയാകൂ എന്ന് ബിജെപി തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ധൃതിപ്പെട്ട് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. കോടതി തന്നെയാണ് വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് അയച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.