ന്യൂഡൽഹി: ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ എണ്ണം കുത്തനെ വർധിച്ചതിന് പിന്നാലെ ഇത്രയധികം പേരെ താങ്ങാനുള്ള കരുത്ത് ലക്ഷദ്വീപിനില്ലെന്ന് വ്യക്തമാക്കി ലോക്സഭാംഗം മുഹമ്മദ് ഫൈസൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ വന്ന പോസ്റ്റിന് പിന്നാലെ "ചലോ ലക്ഷദ്വീപ്' എന്ന ഹാഷ്ടാഗും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായത്.

പാരിസ്ഥിതികമായി വളരെ ദുർബലമായ പ്രദേശമാണ് ലക്ഷദ്വീപെന്നും അതിനാലാണ് സുപ്രീം കോടതി നിർദേശപ്രകാരം ജസ്റ്റിസ് രവീന്ദ്രൻ കമ്മീഷൻ ഇന്‍റഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ലാൻ ലക്ഷദ്വീപിനായി കൊണ്ടുവന്നതെന്നും മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി.

"ദ്വീപിന് എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് കമ്മീഷന്‍റെ പദ്ധതിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്'. വിനോസഞ്ചാര മേഖയലയെ നിയന്ത്രിച്ചുകൊണ്ട് തന്നെ പരമാവധി വരുമാന സമാഹരണത്തിനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

36 ദ്വീപുകളാണ് ആകെ ലക്ഷദ്വീപിലുള്ളത്. ഇവയിൽ ആകെ പത്തെണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. എന്നാൽ ലക്ഷ്വദ്വീപിലേക്ക് എത്രത്തോളം സഞ്ചാരികൾ വന്നാലും അവർക്കെല്ലാം ആവശ്യമായിട്ടുള്ള അടിസ്ഥാന സൗകര്യം ദ്വീപിലുണ്ടെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.