മേജര്‍ ആര്‍ച്ച്ബിഷപ് തെരഞ്ഞെടുപ്പ്: സിനഡ് ഇന്നുമുതല്‍
Monday, January 8, 2024 10:53 AM IST
കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള സിനഡ് സമ്മേളനത്തിന് ഇന്നു തുടക്കം. സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് 32-ാം സിനഡിന്റെ ഒന്നാം സമ്മേളനം നടക്കുന്നത്. 13ന് സമാപിക്കും.
പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡ് സമ്മേളനത്തിനുള്ളതെന്ന് സഭാ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.
മറ്റു വിഷയങ്ങള്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം വിളിച്ചുചേര്‍ക്കുന്ന സിനഡ് സമ്മേളനം ചര്‍ച്ച ചെയ്യും. സഭയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജര്‍ ആര്‍ച്ച്ബിഷപ്പായി ലഭിക്കാന്‍ എല്ലാവരും തുടർന്നും പ്രാര്‍ഥിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് ഇങ്ങനെ
മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാൻ സിനഡിൽ സംബന്ധിക്കുന്ന 80 വയസിൽ താഴെയുള്ളവർക്കാണ് വോട്ടവകാശം. സിനഡിന്റെ ഒന്നാം ദിനം പ്രാർഥനയാണ്. രണ്ടാം ദിനം വോട്ടെടുപ്പ് തുടങ്ങും. ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നതിന് അഞ്ച് തവണവരെ വോട്ടെടുപ്പ് നടക്കും. ഏതെങ്കിലും തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും.
അഞ്ചുതവണയും ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ രണ്ടു തവണവരെ കേവല ഭൂരിപക്ഷത്തിനായി വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരുടെ പകുതിയിലും ഒരു വോട്ടെങ്കിലും കൂടുതൽ കിട്ടണം. ഏഴു റൗണ്ടുകളിലും തീരുമാനമായില്ലെങ്കിൽ ഏഴാം റൗണ്ടിൽ കുടുതൽ വോട്ടു കിട്ടിയ രണ്ടുപേരെ സ്ഥാനാർഥികളാക്കി വോട്ടിടും. ഇതിൽ കേവലഭൂരിപക്ഷം കിട്ടുന്നയാളെ തെരഞ്ഞെടുക്കും.
സമനില വന്നാൽ ഇവരിൽ ആദ്യം മെത്രാനായയാളെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിശ്ചയിക്കും. തുടർന്ന് മാർപാപ്പയുടെ സ്ഥിരീകരണത്തിനു സമർപ്പിക്കും. മാർപാപ്പയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ പ്രഖ്യാപനമുണ്ടാകും.