സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ 5600 കോടി വെട്ടിക്കുറച്ച് കേന്ദ്രം; ക്ഷേമ പെന്ഷന് അടക്കം പ്രതിസന്ധിയില്‍
Sunday, January 7, 2024 8:57 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ സാമ്പത്തിക വര്‍ഷത്തെ അവസാനപാദ കടമെടുപ്പ് പരിധിയില്‍ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. 7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.
എന്നാല്‍ 1838 കോടി മാത്രമാണ് അനുവദിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് പാദങ്ങളുടെ തുക ഒരുമിച്ചും മാര്‍ച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കേന്ദ്രം കടമെടുപ്പ് അനുവദിക്കുന്നത്.
45,689.61 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നുള്ള കടമെടുപ്പ് പരിധി. ഇതില്‍ ഡിസംബര്‍ വരെ 23,852 രൂപ സമാഹരിക്കാന്‍ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം കേരളം ആവശ്യപ്പെട്ട തുകയില്‍നിന്ന് വിലിയൊരു ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയായിരുന്നു.
പിഎഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക്ക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്റെ കടപരിധിയില്‍ ഉള്‍പ്പെടുത്തിയതിനൊപ്പം തൊട്ട് തലേ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി കണക്കാക്കിയതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. മുന്‍വര്‍ഷങ്ങളിലെ തുക പരിഗണിക്കരുതെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല.
നിലവില്‍ അഞ്ചുമാസത്തെ ക്ഷേമ പെന്ഷന് കുടിശികയാണ് സംസ്ഥാനത്തുള്ളത്. കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന്റെ വര്‍ഷാവസാന ചെലവുകള്‍ അവതാളത്തിലാകും.