ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏഴംഗ സമിതിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
Saturday, January 6, 2024 5:46 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ ഏഴംഗ സമിതിയെ പ്രഖ്യാപിച്ച് എഐസിസി. എഐസിസി ട്രഷറർ അജയ് മാക്കനാണ് സമിതിയുടെ കണ്‍വീനർ. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
കെ.സി. വേണുഗോപാൽ ജയ്റാം രമേഷ്, സുപ്രിയ ശ്രിനാറ്റേ അടക്കമുള്ള മുതിർന്ന നേതാക്കൾ സമിതി അംഗങ്ങളാണ്. വരും ദിവസങ്ങളിൽത്തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികൾ ചർച്ചചെയ്യാൻ സമിതി യോഗം ചേരുമെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങളെ അഞ്ച് ക്ലബ്ബുകളാക്കി തിരിച്ചാണ് സ്ക്രീനിംഗ് കമ്മിറ്റികളെ രൂപീകരിച്ചത്. ഇതിൽ ഹരീഷ് ചൗധരിയാണ് കേരളത്തിന്റെ സമിതി അധ്യക്ഷൻ. ജിഗ്നേഷ് മേവാനിയടക്കം ഈ സമിതിയിൽ അംഗമാണ്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടുപകർന്ന് കോണ്‍ഗ്രസ് പ്രചാരണസമിതിയെ പ്രഖ്യാപിച്ചത്.