ഒടുവില്‍ സര്‍ക്കാര്‍ കാമറ കണ്ടു; കെല്‍ട്രോണിന് പണം അനുവദിച്ചു
Thursday, January 4, 2024 9:46 AM IST
തിരുവനന്തപുരം: എഐ കാമറകള്‍ സ്ഥാപിച്ചതിന് കെല്‍ട്രോണിന് പണം അനുവദിച്ച് സര്‍ക്കാര്‍. ആദ്യ ഗഡുവായ 9.39 കോടി നല്കാന് സര്‍ക്കാര്‍ ഉത്തരവ്. പണം ലഭിക്കാത്തതിനെ തുടർന്ന് പിഴ അടയ്ക്കാനുള്ള ചെല്ലാന്‍ അയയ്ക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവച്ചിരുന്നു.
നേരത്തെ, പണം ആവശ്യപ്പെട്ട് നാലു കത്തുകള്‍ കെല്‍ട്രോണ്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. 14 കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനവും 140 ജീവനക്കാരുടെ ശമ്പളവും ചെല്ലാൻ അയയ്ക്കാനുള്ള ചെലവുമൊക്കെയായി ഏഴുകോടി തങ്ങളുടെ പക്കൽ നിന്നുമായെന്നും കമ്പനി സര്‍ക്കാരിനെ അറിയിച്ചു.
ഇനി കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് കെല്‍ട്രോള്‍ കടുത്ത നിലപാടെടുത്തു. ഇതിനുപിന്നാലെ സര്‍ക്കാര്‍ പണം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ അഞ്ചുമുതലാണ് എഐ കാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്നു മാസത്തിലൊരിക്കല്‍ കാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നല്‍കാനായിരുന്നു ധാരണ പത്രം.
ഇടയില്‍ പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നു. ഇതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തി. പിന്നാലെ ആദ്യ ധാരണപത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണപത്രം ഒപ്പുവച്ചശേഷം പണം നല്‍കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു.
എന്നാൽ ആദ്യഗഡു കെല്‍ട്രോണിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പക്ഷേ കാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും കെല്‍ട്രോണിന് ആദ്യഗഡു നല്‍കിയിരുന്നില്ല.